തിരുവനന്തപുരം: ശബരിമല വിഷയം ഉന്നയിച്ച് മൂന്നാം ദിവസവും സഭയിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതേത്തുടർന്ന് ചോദ്യോത്തര വേള റദ്ദാക്കി. സ്പീക്കറുടെ ഇരിപ്പിടത്തിനു മുന്നിലേക്കെത്തിയാണ് പ്രതിപക്ഷം ബഹളംവെച്ചത്. പ്രതിപക്ഷം മര്യാദയുടെയും മാന്യതയുടെയും പരിധി ലംഘിക്കുന്നുവെന്ന് സ്പീക്കർ പറഞ്ഞു.
ചോദ്യോത്തര വേള റദ്ദാക്കി വിഷയം ചർച്ചചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. വിഷയത്തിൽ ആവശ്യമായ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും സഭ തടസ്സപ്പെടുത്തരുതെന്നും സ്പീക്കർ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിനും മന്ത്രിമാർക്കും പരസ്പരം ആരോപണം ഉന്നയിക്കാനുള്ള വേദിയാക്കി മാറ്റരുതെന്ന് സ്പീക്കർ പറഞ്ഞു. സ്പീക്കർ മുൻവിധിയോടെ പെരുമാറുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു.
അറിയപ്പെടാത്ത ഏതോ ലഹരിമരുന്ന് കഴിച്ചിട്ടാണ് പ്രതിപക്ഷം സഭയിലെത്തിയിരിക്കുന്നതെന്ന് ഭരണപക്ഷം ആരോപിച്ചു. അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത, തീർത്ഥാടകർ നേരിടുന്ന പ്രശ്നങ്ങൾ എന്നിവ മുൻനിർത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.