ന്യൂഡൽഹി: വർഷങ്ങൾക്ക് ശേഷം ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെൻറിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ് പാകിസ്ഥാൻ. ഇന്ത്യയടക്കം ഏഴ് രാജ്യങ്ങൾ പങ്കെടുക്കുന്ന എമർജിങ് നേഷൻസ് കപ്പിനാണ് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്നത്.
എന്നാൽ അയൽ രാജ്യത്ത് ക്രിക്കറ്റ് കളിക്കാനുള്ള ക്ഷണം ബിസിസിഎെ നിരസിച്ചു. സുരക്ഷാ കാരണങ്ങളെ തുടർന്നാണ് പാകിസ്ഥാനിൽ കളിക്കേണ്ടതില്ലെന്ന് ബിസിസിഎെ തീരുമാനിച്ചത്.
ഇതോടെ ഇന്ത്യയുടെ മുഴുവൻ മത്സരങ്ങളും ശ്രീലങ്കയിലായിരിക്കും നടക്കുക. ഫൈനലും കൊളംബോയിലാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യ, പാകിസ്ഥാൻ , ശ്രീലങ്ക, യുഎഇ, ഹോങ്കോങ്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ടൂർണണമെൻറിൽ പങ്കെടുക്കുന്നത്.
ശ്രീലങ്കയും അഫ്ഗാനിസ്ഥാനുമാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. പാകിസ്ഥാനിൽ കറാച്ചിയിലും ലാഹോറിലുമാണ് മത്സരങ്ങൾ നടക്കാൻ പോവുന്നത്. 2008ലെ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനിൽ രാജ്യാന്തര മത്സരങ്ങൾ അനുവദിച്ചിരുന്നില്ല.