ജൂലായ് പകുതി കഴിഞ്ഞിട്ടും മഴ ലഭിക്കാതായതോടെ ബീഹാറിൽ ആയിരക്കണക്കിനു തവളകളെ കൊന്നൊടുക്കുകയാണ്. ബീഹാറിലെ അഞ്ചു ജില്ലകൾ ഉൾപ്പെടുന്ന മഗഡ് പ്രദേശത്തും നേപ്പാളിന്റെ അതിർത്തി പ്രദേശങ്ങളായ ചമ്പാരൻ ജില്ലയിലുമാണ് ഈ ആചാരം വ്യാപകമായി നടക്കുന്നത്.
മധ്യപ്രദേശിൽ മഴ പെയ്യാനായി മന്ത്രിയുടെ നേതൃത്വത്തിൽ തവളകളുടെ കല്യാണം നടത്തിയതിനു പിന്നാലെയാണ് ബീഹാറിൽ ഇവയെ കൊന്നൊടുക്കിക്കൊണ്ട് മഴയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നത്.
ഏതാനും സ്ത്രീകൾ ചേർന്ന് കൃഷിയിടങ്ങളിലുണ്ടാക്കുന്ന കുഴിയിൽ ഗ്രാമത്തിലുള്ള എല്ലാ കിണറുകളിൽ നിന്നുമായി ജലം ശേഖരിച്ചു കൊണ്ടുവന്നു ഈ കുഴികളിൽ നിറയ്ക്കും. അടുത്തുള്ള കാട്ടുപ്രദേശങ്ങളിൽ നിന്നും ആയിരക്കണക്കിനു തവളകളെ ശേഖരിച്ചു കൊണ്ടുവന്നു ഈ കുഴികളിൽ ഇട്ടു അവയെ മുളവടി കൊണ്ട് തല്ലികൊല്ലും. ചത്ത ഈ തവളകളെ മാലപോലെ കോർത്ത് അവർ പുരുഷന്മാരുടെ കഴുത്തിൽ ചാർത്തുമ്പോൾ അവർ പ്രതികരണമായി അസഭ്യവാക്കുകൾ പറയുന്നു . പുരുഷന്മാർ എത്രത്തോളം അസഭ്യവാക്കുകൾ പറയുന്നോ അത്രത്തോളം മഴ പെയ്യാനുള്ള സാധ്യത കൂടുമെന്നാണ് ഈ ഗ്രാമവാസികൾ വിശ്വസിക്കുന്നത്.