കൊച്ചി: ഒരു രാജ്യം, ഒരു നികുതി’ എന്ന ലക്ഷ്യവുമായി ജൂലായ് ഒന്നിന് ഇന്ത്യ ചരക്ക് – സേവന നികുതി (ജി.എസ്.ടി) സംവിധാനത്തിലേക്ക് പ്രവേശിക്കുമ്പോൾ പ്രധാന്യമേറുന്നത് ആധാര്‍ കാര്‍ഡിനാണ്. ജൂലായ് മുതൽ ഒട്ടേറെ സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കും ആധാർ നിർബന്ധമാണ്. ജൂലായ് ഒന്നിന് ശേഷം ആധാർ നമ്പർ കൂടി നൽകാതെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനാവില്ല. പുതിയ പാസ്പോ ർട്ട് എടുക്കാനും ആധാർ വേണം . പാൻ കാർഡ് കൈവശമുള്ളവർ, അത് ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്. ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ ജൂലായ് ഒന്നിന് അസാധുവാകും. ഒരാൾ ഒന്നിലേറെ പാൻ കാർഡുകൾ കൈവശംവച്ച് നികുതി വെട്ടിപ്പ് നടത്തുന്നത് തടയാനാണ്, പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. ഇനി മുതൽ പുതിയ പാൻ കാർഡ് ലഭിക്കണമെങ്കിലും ആധാർ നിർബന്ധമാണ്. പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. പെൻഷൻ വാങ്ങുന്നവരും ആധാർ വിവരങ്ങൾ സമർപ്പിക്കണം. റെയിൽവേ ടിക്കറ്റ് നിരക്കില്‍ ആനുകൂല്യം ലഭിക്കാനും വിദ്യാർത്ഥികൾക്ക് സ്കൂ ളുകളിലും കോളേജുകളിലും സ്കോ ളർഷിപ്പുകൾ ലഭിക്കാനും ആധാര്‍ വിവരം നല്‍കേണ്ടതാണ് . പൊതുവിതരണ കേന്ദ്രങ്ങളില്‍ കൂടിയുള്ള ആനുകൂല്യം ലഭിക്കാൻ ഉപഭോക്താക്കൾ റേഷൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കണം