മുംബൈ: ബിനോയി കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസ് ഒത്തുതീർപ്പായി. ബോംബെ ഹൈക്കോടതിയിൽ വച്ചാണ് കേസ് ഒത്തുതീർപ്പായത്. കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി 80 ലക്ഷം രൂപ ബിനോയ് യുവതിക്കു കൈമാറിയെന്നാണ് റിപ്പോർട്ട് എങ്കിലും കരാറിൽ പറയുന്നതിനേക്കാളും കൂടുതൽ തുക കൊടുത്തുവെന്നാണ് സൂചന.കരാറിൽ കുട്ടിയുടെ പിതൃത്വം സംബന്ധിച്ച കാര്യങ്ങൾ പ്രത്യേകിച്ചൊന്നും പറയുന്നില്ല. പണം നൽകിയ വിവരങ്ങൾ ബിനോയിയും കോടതിയെ ബോധിപ്പിച്ചു. ഇതിന് ശേഷം ഇരുവരും ഒപ്പുവച്ച ഒത്തുതീർപ്പുകരാർ അംഗീകരിച്ച ഹൈക്കോടതി ചൊവ്വാഴ്ച കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിച്ചതായും വിചാരണക്കോടതിയിലെ നിയമനടപടികൾ അവസാനിപ്പിച്ചതായും യുവതിയും അറിയിച്ചു. തന്നെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായും ബന്ധത്തിൽ എട്ടു വയസ്സുള്ള ആൺകുട്ടിയുണ്ടെന്നും ആരോപിച്ച് 2019 ജൂണിലാണ് യുവതി മുംബൈ ഓഷിവാര പോലീസിൽ പരാതി നൽകിയത്. പരാതിയിൽ കുട്ടിയെ വളർത്താനുള്ള പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് വ്യാജക്കേസാണെന്നും അതുകൊണ്ടുതന്നെ കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് ഹർജി നൽകിയപ്പോൾ ബോംബെ ഹൈക്കോടതി ഡിഎൻഎ പരിശോധനയ്ക്ക് നിർദേശം നൽകുകയായിരുന്നു. ഷെഹ്‌സ്മ കൊറോണയും ലോക്ഡൗണുമൊക്കെയായി കേസ് നീണ്ടു പോകുകയായിരുന്നു. ഒടുവിൽ ലോക്ഡൗൺ ഒക്കെ മാറി കോടതിയുടെ പ്രവർത്തനം സാധാരണനിലയിലെത്തിയപ്പോൾ ഡിഎൻഎ പരിശോധനാഫലം പുറത്തുവിടണമെന്ന ആവശ്യവുമായി യുവതി ഹൈക്കോടതിയിലെത്തുകയും ആവശ്യം കോടതി പരിഗണിക്കാനിരിക്കെയാണ് കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതും ഒടുവിൽ ഒത്തുതീർപ്പായതും.