കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന ശക്തമാക്കി ശശി തരൂര്‍. താന്‍ നാമനിര്‍ദേശ പത്രിക വാങ്ങിയിട്ടുണ്ട്. പത്രിക വാങ്ങിയെങ്കിലും അത് ഒപ്പിട്ടു കൊടുത്താലല്ലേ സ്ഥാനാര്ത്ഥിയാകുകയുള്ളൂവെന്നും അതിനുശേഷം മാധ്യമങ്ങളുമായി സംസാരിക്കാമെന്നും ശശി തരൂര്‍ പറഞ്ഞു. പാലക്കാട് ജില്ലയില്‍ ഭാരത് ജോഡോ യാത്രാ പര്യടനം നടത്തുന്ന രാഹുല്‍ ഗാന്ധിയെ കാണാനെത്തിയതായിരുന്നു തരൂര്‍. രാഹുല്‍ കഴിഞ്ഞദിവസം ഫോണില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചിരുന്നു. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാനാണ് താന്‍ എത്തിയതെന്ന് കണ്ടാല്‍ മതിയെന്നും തരൂര്‍ പറഞ്ഞു.
ഒരു സ്ഥാനാര്‍ത്ഥി മത്സരിക്കുമ്പോള്‍ ആത്മവിശ്വാസത്തോടെയാണ് മത്സരിക്കേണ്ടത്, ആര് എതിരാളി ആയാലും. പല സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹം. പാര്‍ട്ടിക്കകത്ത് വലിയ ജനാധിപത്യം ഉണ്ടാകുന്നത് നല്ലതാണ്. വേറെ പാര്‍ട്ടിയിലൊന്നും ഇതു കാണാനില്ലല്ലോ എന്നും ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ തനിക്ക് താത്പര്യമുണ്ടെന്നും തരൂര്‍ പറഞ്ഞു. മുപ്പതാം തീയതിയോടെ നാമനിര്‍ദേശപത്രിക ഫയല്‍ ചെയ്യാമെന്നാണ് കരുതുന്നത്. മത്സരരംഗത്തുണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഉണ്ടാകണം എന്നായിരുന്നു മറുപടി. നിങ്ങള്‍ പ്രതീക്ഷിച്ചോളൂ, മുപ്പതാം തീയതി വീണ്ടും സംസാരിക്കാമെന്നും തരൂര്‍ വ്യക്തമാക്കി.