തിരുവനന്തപുരം: സ്കൂട്ടറിൽനിന്ന് വീണ് തലയ്ക്ക് പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു. നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിലെ മൂന്നാം വർഷം അനലിറ്റിക്കൽ എക്കണോമിക്സ് വിദ്യാർത്ഥിനി ഗോപികാ ഉദയ് (20) ആണ് മരിച്ചത്. പാങ്ങപ്പാറ മെയ്‌ക്കോണം ഗോപികാഭവനിൽ ഉദയ്‌യുടെയും നിഷയുടെയും മകളാണ്. പട്ടം മരപ്പാലം ഹീര കാസിലിലാണ് താമസം. തിങ്കളാഴ്ച രാത്രി 7.30ഓടെ പിഎംജി ജംഗ്ഷനിലായിരുന്നു അപകടം.ഗോപികയും സഹോദരി ജ്യോതികയും ജിമ്മിൽ നിന്ന് വീട്ടിലേക്കു മടങ്ങുകയായിരുന്നു. സമീപത്തുകൂടി പോയ കെഎസ്ആർടിസി. ബസിന്റെ ടയർ പൊട്ടി. ഈ ശബ്ദം കേട്ട് ഗോപികയ്ക്ക് സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി റോഡിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.