സപ്ലൈകോയുടെ സാമ്പത്തിക പ്രതിസന്ധിയിൽ പരിഹാരം കാണാനാകാതെ വലഞ്ഞ് സംസ്ഥാന സർക്കാർ. 3700 കോടിയിലേറെ രൂപയാണ് സ്പ്ലൈകോയുടെ കുടിശ്ശികയായി ഇനിയും കിട്ടാനുള്ളത്. സബ്‌സിഡി ഉത്പന്നങ്ങൾക്ക് വില കൂട്ടില്ലെന്ന പ്രഖ്യാപിത നിലപാട് തിരുത്തുന്നതിൽ മുന്നണിയിലും ഒത്തുതീർപ്പു ഫലം കണ്ടില്ല . പ്രതിസന്ധി ഇങ്ങനെ തുടർന്നാൽ കൈവിട്ടുപോകുമെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ.സപ്ലൈകോയിലെ 13 ഇന സബ്‌സിഡി ഉത്പന്നങ്ങളിൽ 5 എണ്ണം പോലും എവിടെയുമില്ല എന്നതാണ് നിലവിലെ അവസ്ഥ. സാമ്പത്തിക പ്രതിസന്ധിയാണ് സപ്ലൈകോ ചൂണ്ടിക്കാണിക്കുന്നത്. 2012 മുതൽ വിപണി ഇടപെടലിനായി ചിലവഴിച്ചതിൽ വലിയ ബാധ്യതയാണ് കമ്പനിക്കുള്ളത്. നെല്ല് സംഭരണം, റേഷൻ കടകൾ വഴിയുള്ള അരി വിതരണം, അവശ്യ സാധനങ്ങളുടെ വില നിയന്ത്രണം, വിലക്കയറ്റം ഒഴിവാക്കി വിപണിയിൽ നേരിട്ട് ഇടപെട്ട് സാധാരണക്കാരന് കുറഞ്ഞ ചിലവിൽ ഭക്ഷ്യ ഉത്പന്നങ്ങൾ ലഭ്യമാക്കുകയാണ് സപ്ലൈക്കോയുടെ കടമ.
എന്നാൽ 3750 കോടി രൂപയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്ന് സപ്ലൈകോയ്ക്ക് കിട്ടാനുള്ളത്. ഇതിൽ 2700 കോടി രൂപ സംസ്ഥാന സർക്കാർ കുടിശ്ശികയാണ്. 850 കോടി രൂപ കേന്ദ്ര സർക്കാരിൽ നിന്നും കിട്ടാനുണ്ട്. 2012 മുതൽ ഇത് വരെ വിപണി ഇടപെടലിനായി സബ്‌സിഡി ഉത്പന്നങ്ങൾ ലഭ്യമാക്കി 1525 കോടി രൂപയാണ് സപ്ലൈകോ ചിലവഴിച്ചത്.