കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ മൂന്നാം തോൽവി. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റിയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവി. മെഹത്താബ് സിംഗും ഹോർഗെ പെരേര ഡിയാസുമാണ് മുംബൈക്കായി ലക്ഷ്യം കണ്ടത്. രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്സ് മികച്ച ആക്രമണം നടത്തിയെങ്കിലും ഗോള്‍ ഒന്നും നേടാനായില്ല.മുംബൈ സിറ്റിക്ക് വേണ്ടി 21-ാം മിനുറ്റിൽ മെഹത്താബ് സിങ് ആദ്യ ഗോൾ നേടി. കോർണറില്‍ നിന്ന് കിട്ടിയ അവസരം മുതലാക്കി പ്രതിരോധതാരമായ മെഹ്താബ് ഇടംകാല്‍ കൊണ്ട് പന്ത് മഞ്ഞപ്പടയുടെ വലയിലേക്ക് എത്തിക്കുകയായിരുന്നു. ആദ്യ ഗോളിന്റെ ക്ഷീണം മാറുന്നതിന് മുന്നേ 10 മിനിറ്റിന് ശേഷം ബ്ലാസ്റ്റേഴ്സിന് അടുത്ത തിരിച്ചടി ഉണ്ടായി. ബ്ലാസ്റ്റേഴ്സ് മുന്‍താരം കൂടിയായ ഹോർഗെ പെരേര ഡിയാസാണ് ഇത്തവണ മുംബൈക്ക് വേണ്ടി ഗോൾ നേടിയത്.